02 മേയ് 2009

അച്ചുനായര്‍

തിരക്കുപിടിച്ച പ്രവാസജീവിതതിന്റെ ചില ഒഴിവു സമയങ്ങളില്‍ നാടിന്റെ ഓര്‍മ്മകളിലേക്കുള്ള മനസ്സിന്റെ പ്രയാണം രസകരമായ അനുഭവങ്ങളാണ്
കുട്ടിക്കാലം മുതല്‍ നാട്ടില്‍ കഴിച്ചുകൂട്ടിയ ഒരോ നിമിഷങ്ങളുടെ ഓര്‍മ്മകളും ഏതൊരു പ്രവാസിക്കും വളരെ അമൂല്യമായ സമ്പത്താണ്
വളരെ ചെറിയൊരു ഗ്രാമമാണു ഞങ്ങളുടേത്
ചെറുതെന്നു പറയാമെങ്കിലും ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട് വലിയൊരു ലോകമാണ്
ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലും, പിന്നെ കൃഷി, കച്ചവടം ഒക്കെയായി കഴിഞ്ഞുകൂ‍ടുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ കൊച്ചു നാട്
അവിടെ ജനിച്ചുവളര്‍ന്നവരും വന്നു താമസിക്കുന്നവരുമായ അനവധി ആളുകള്‍… നിഷ്കളങ്കരായ ഒത്തൊരുമയുള്ള നാട്ടുകാര്‍…സഹകരണമനോഭാവമുള്ള കുടുംബങ്ങള്‍..
ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്ന ചില മഹാവ്യക്തികളുണ്ടായിരുന്നു
അതിലൊരാളാണ് വടേക്കര അച്ചുതന്‍ നായര്‍ എന്ന അച്ചുനായര്‍
അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നില്ല, ചില അടുത്ത ബന്ധുക്കള്‍ ഞങ്ങളുടെ നാട്ടിലുണ്ട്.അങ്ങിനെയാണ് അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തില്‍ താമസമാക്കിയത്
ഞങ്ങള്‍ക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ അദ്ദേഹം അവിടെയുണ്ട്. ഉമ്മയുടെ തറവാട്ടു വക ഒരു പീടികയുണ്ടായിരുന്നു. വലിയൊരു പീടിക, അല്‍പ്പം ഉയരത്തിലായിട്ട്, മൂന്നു റൂമുകളും വലിയ വരാന്തയും ഒരു സൈഡില്‍ വിശാലമായ ഒരു ചരുവും, ചുറ്റും വലിയ തിണ്ണയുമൊക്കെയായി ഒരു പുരാതനമായ കെട്ടിടം
അതിന്റെ ഏറ്റവും വടക്കു ഭാഗത്തായി ഒരു ഒഴിഞ്ഞ ചരു പോലെയുള്ള കുറച്ചു സൌകര്യങ്ങള്‍ മാത്രമുള്ള സ്ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
ഒറ്റക്കായിരുന്നു അദ്ദേഹമവിടെ താമസിച്ചിരുന്നത്. നാലപ്പാട്ട് കുടുംബാംഗമായിരുന്നത്രേ അയാള്‍
ഇന്ത്യന്‍ ആര്‍മിയില്‍ മെക്കാനിക്കായിരുന്നു അയാള്‍
ഒരു പ്രത്യേക സാഹചര്യത്തില്‍ വീടു വിട്ടിറങ്ങി വന്നു…പിന്നീടുള്ള കുറെക്കാലം താമസിച്ചത് ഈ കെട്ടിടത്തിലായിരുന്നു
അധികം സംസാരിക്കാത്ത ഒരു ശാന്തപ്രകൃതന്‍. നല്ല വൃത്തിയും വെടിപ്പുമുള്ള രീതികളും പെരുമാറ്റങ്ങളും.
ഞങ്ങള്‍ കുട്ടികള്‍ ഒഴിവുസമയങ്ങളില്‍ പലപ്പോഴും അയാളുടെ അടുത്തുണ്ടാവുക പതിവാണ്.
കൂടുതലും വായനക്കുവേണ്ടിയാവും ഞങ്ങളവിടെ സമയം ചിലവഴിക്കുക.
പത്രങ്ങള്‍, വാരികകള്‍ ഒക്കെയായി ഞങ്ങള്‍ക്ക് വായിക്കാനും നല്ല നല്ല അറിവുകള്‍ പകരാനും അയാള്‍ ഒരുപാട് ഉപകാരപ്പെട്ടിരുന്നു
വളരെ സൂക്ഷ്മതയോടെ പത്രങ്ങളും വാരികകളുമൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
അയാളുടെ ഇരിപ്പിടത്തിനടുത്തായി ഇടതുസൈഡില്‍ പീടികയുടെ മുകളിലെ നിലയിലേക്കുള്ള കോണിയുടെ അടുത്തായി ഒരു മരത്തിന്റെ സ്റ്റാന്റിന്മേല്‍ വളരെ വൃത്തിയായി പത്രങ്ങളും വാരികകളും അടുക്കിവെച്ച് അതിന്മേല്‍ ഒരു ഇരുനൂറു ഗ്രാമിന്റെ കട്ടി കയറ്റിവച്ചിട്ടുണ്ടാവും
ഞങ്ങളോട് കുശലാന്വേഷണങ്ങള്‍ നടത്തും ചിലപ്പോൾ ഞങ്ങളെ കളിയാക്കും…തമാശകള്‍ പറയും.. ചിലപ്പോൾ എന്തെങ്ങിലും തമാശകള്‍ ഒപ്പിച്ച് ഞങ്ങളെക്കൊണ്ട് തര്‍ക്കങ്ങളുണ്ടാക്കിച്ച് അയാളും അതില്‍ പങ്കുചേരും
നാട്ടിലെ സകലമാന സാധനങ്ങളുടേയും റിപ്പയറുകളാണ് അച്ചുനായരുടെ ഉപജീവനമാര്‍ഗ്ഗം… എല്ലാ കുണ്ടാമണ്ടികളും നാട്ടുകാര്‍ അയാളെ ഏല്‍പ്പിക്കും
അയാളുടെ റിപ്പയറുകള്‍ കാണുകയെന്നതും ഞങ്ങളുടെ ഒരു ഹോബിയായിരുന്നു.. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല വലിയവരും അയാളുടെ കരവിരുതുകള്‍ നോക്കിയിരിക്കും
സൈക്കിള്‍ റിപ്പയറായിരുന്നു അതില്‍ പ്രധാനം… സൈക്കിള്‍ റിപ്പയർ ചെയ്യാൻ കയ്യില്‍ കിട്ടിയാല്‍ ചിലപ്പോൾ പുള്ളി അതു ചക്കക്കൂ‍ട്ടാന്‍ പരുവത്തിലാക്കും, എല്ലം അഴിച്ചിട്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന പോലെ,,,
ഏതു വലിയ കേസും പുള്ളി ചങ്കൂറ്റത്തോടെ ഏറ്റെടുക്കും… ഭാഗ്യമുണ്ടെങ്കില്‍ നല്ല രീതിയില്‍ ഭാഗ്യമുണ്ടെങ്കില്‍ ഉടമസ്ഥനു തിരിച്ച്കിട്ടും. ഇല്ലെങ്കില്‍ കുറച്ച് കഴിറ്റയുമ്പോള്‍ അതിന്റെ ഗതി അധോഗതിയാകും
ഏറ്റവും ഒടുവിലായി നന്നാക്കാന്‍ കൊണ്ടുവന്ന സാധനത്തിന്റെ മധ്യഭാഗം നോക്കി ഒരു മേട്ടമുണ്ട്. ആ മേട്ടത്തിലായിരിക്കും അതിന്റെ പ്രശ്നം തീരുക.. അല്ലെങ്കില്‍ അതിന്റെ പ്രശ്നം വേറൊരു രീതിയില്‍ ആരംഭിക്കുകയായി
എന്തയാലും പുള്ളിക്കു മേടണം അതു നിര്‍ബന്ധമാണ്.. ചിലര്‍ മുന്‍കൂറായി പറയും
അച്ചുനായരേ… ആ അവസാനത്തെ മേട്ടം വേണ്ട…
ആശാരിമാര്‍ ഒരു കണ്ണ് അടച്ച് പിടിച്ച് മരത്തിന്റെ വളവ് നോക്കുന്നതു പോലെ പുള്ളിക്കാരന്‍ ചെരിഞ്ഞു ഒരു നോട്ടം നോക്കും…
ശേഷം വലിയ ഒരു ചുറ്റിക കൊണ്ട് ആഞ്ഞൂ ഒരു വീക്ക് വെച്ചു കൊടുക്കും… സൈക്കിള്‍കൊണ്ടുവന്നയാളോട് അതിന്റെ ഹാന്റിലില്‍ മുറുകെ പിടിക്കാന്‍ പറയും അതിനുശേഷമാണ് പുള്ളി അതു നിര്‍വഹിക്കുക
സൈക്കിള്‍ വാടകക്കു കൊടുക്കുന്ന പരിപാടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉപജീവനമാര്‍ഗ്ഗം എന്ന ഉപാധി തന്നെയാണ് ഇതിന്റെയൊക്കെ മുഖ്യ കാരണങ്ങള്‍..
സൈക്കിള്‍ റിപ്പയറ് പഠിച്ചതും ഈ വാടകക്കു കൊടുക്കലിലൂടെയാണ്
ഫോട്ടോ ഫ്രയിം ചെയ്യല്‍, കുട നന്നാക്കല്‍, ചെരിപ്പുകുത്തല്‍, പാടത്ത്ഉഴുത്തുന്ന ഉപകരണങ്ങള്‍ നന്നാക്കല്‍, പാത്രങ്ങളുടെ ഓട്ടയടക്കല്‍എന്നുവേണ്ട അച്ചുനായര്‍ക്ക് വഴങ്ങാത്ത ഒന്നും ഉണ്ടായിരുന്നില്ല....
അയാളുടെ റിപ്പയറിങ്ങിലുള്ള പരിപൂര്‍ണ്ണതയോ തൃപ്തിയോ ഒന്നും നോക്കിയല്ല അയാളെ ഓരോന്നും ഏല്‍പ്പിച്ചിരുന്നത്. ഓരോ കാര്യങ്ങളുടെയും റിപ്പയറിങ്ങിനായി ആളുകളെ മിക്കതും കിട്ടുകയില്ല.. അല്ലെങ്കില്‍ വെളിയില്‍ കൊണ്ടുപോയി നന്നാക്കണം, ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുക വഴി അദ്ദേഹം ഞങ്ങളുടെ നാട്ടിനുതന്നെ ഒരഭിമാനമാവുകയായിരുന്നു
ചുരുട്ട് എന്ന വലിയ ബീഡിയായിരുന്നു അയാള്‍ വലിച്ചിരുന്നത്. വില അധികമായതുകൊണ്ടാണോ പുകക്ക് കടുപ്പം കൂടിയതു കൊണ്ടാണോ എന്നറിയില്ല , പകുതി വലിച്ച് അടുത്ത തവണത്തേക്ക് മാറ്റി വെയ്ക്കും
പുള്ളിയുടെ പാചകങ്ങളൊക്കെ ഞങ്ങള്‍ കൌതുകത്തോടെ നോക്കിയിരിക്കും. ശുദ്ധ വെജിറ്റേറിയനൊന്നുമല്ലായിരുന്നു.. ഇറച്ചിയും മീനുമൊക്കെ കഴിക്കും ചിലപ്പോള്‍ അച്ചാറുകളൊക്കെ രുചിച്ച് നോക്കാന്‍ തരും
ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗത്തും കറങ്ങിയിട്ടുള്ള ആളായതിനാല്‍ ഗ്രാമീണരായ ഞങ്ങളുടെ നാട്ടുകാരും അയാളോട് ഓരോ സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു
ഇന്ത്യക്കകത്തെ ഏതാണ്ടെല്ലാ കാര്യങ്ങളും അറിയുന്ന ഒരു മഹാവ്യക്തി എന്ന നിലയിലായിരുന്നു നാട്ടുകാര്‍ അയാളെ കണ്ടിരുന്നത്
അന്നൊക്കെ നാട്ടില്‍ ചെറുപ്പക്കാര്‍ ഡ്രൈവിങ് പഠിക്കുക എന്നത് വളരെ അല്‍ഭുതമുള്ള കാര്യമായിരുന്നു
ഡ്രൈവിങിന്റെ വശങ്ങള്‍, വാഹനത്തിന്റെ പ്രത്യേകതകള്‍, പാര്‍ട്സുകള്‍ എന്നതൊക്കെ പുള്ളി ഉത്സാഹപൂര്‍വം വിവരിക്കും
നാട്ടിലെ ഒട്ടു മിക്ക തര്‍ക്ക പരിഹാരങ്ങള്‍ക്കും മട്ടു പ്രമുഖ മദ്ധ്യസ്ഥരോടൊപ്പം പുള്ളിയേയും ക്ഷണിക്കുക പതിവാണ്
കോടതി സംബന്ധമായ കാ‍ര്യങ്ങള്‍ക്ക് പോകുമ്പോള്‍ മാത്രമാണയാള്‍ ഷര്‍ട്ട് ഉപയോഗിച്ചിരുന്നത്
നാട്ടിലെ സ്ഥലം വില്‍പ്പന, അളവുകള്‍ എന്നിവയിലൊക്കെ നാട്ടുകാര്‍ക്ക് അച്ചുനായരുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാതതായിരുന്നു. അത്തരം കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ തന്നെ ഒരു വലിയ തയ്യാറെടുപ്പാണ്.
പുള്ളിയുടെ രണ്ടാം മുണ്ട് അരയില്‍ കെട്ടി ഒരു അളവുകോലുമായിട്ടാണ് സ്ഥലം അളവിനായി പുറപ്പെടുക
നാട്ടിലെ ചെറുപ്പക്കാര്‍ ബോംബെയിലും പിന്നീട് ഗള്‍ഫിലുമൊക്കെ വന്നു
ലീവില്‍ ചെല്ലുമ്പോള്‍ അധികം പേരും സമയം കളയാന്‍ പറ്റിക്കൂടുക അച്ചുനായരുടെ അടുത്തു തന്നെ യായിരുന്നു ഗള്‍ഫ് വിശേഷങ്ങള്‍ പറഞ്ഞും അറിഞ്ഞും സമയം കളയും..

തൊണ്ണൂറുകളുടെ അവസാനത്തില്‍ വേറൊരു താമസ സ്ഥലത്തുവെച്ച് അദ്ദേഹം മരണപ്പെടുമ്പോള്‍ ദീര്‍ഘനാള്‍ താമസിച്ച ആ പീടിക അവിടെ ഇല്ലായിരുന്നു

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ദ്ങ്ങനെ റീ പോസ്റ്റാണ്ട് പുത്യേ പോസ്റ്റിട് ഗെഡീ...
ന്നാലല്ലേ നമ്മളാദൂക്കാര്‍ക്കൊരു ഇദ്ള്ളോ...?